Tuesday, December 10, 2013

ആസ്തുവിനും ഇനര്‍ഷ്യയ്ക്കും ആരാധകരേറെ


തിരുവനന്തപുരം: അഞ്ച് മത്സര ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം നടന്ന ചൊവ്വാഴ്ച തരക്കേടില്ലാത്ത ദിനമായി. മറാത്തി ചിത്രമായ 'ആസ്തു' (സോ ബി ഇറ്റ്), മെക്‌സിക്കയില്‍ നിന്നെത്തിയ 'ഇനെര്‍ഷ്യ' എന്നിവയെക്കുറിച്ച് പ്രതിനിധികള്‍ക്ക് മികച്ച അഭിപ്രായമായിരുന്നു. 'പാര്‍വിസ്' (ഇറാന്‍), 'കാപ്ചറിങ് ഡാഡ്' (ജപ്പാന്‍) എന്നീ മത്സരച്ചിത്രങ്ങളും നിരാശപ്പെടുത്തിയില്ല. ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ട്രാന്‍സിറ്റ്' മികച്ചതായി.

ശക്തമായ പ്രമേയവും വ്യത്യസ്തമായ ആവിഷ്‌കാരവും കൊണ്ട് 'ഇനര്‍ഷ്യ' ശ്രദ്ധിക്കപ്പെട്ടപ്പോള്‍ അസാധാരണത്വം കൊണ്ട് 'ആസ്തു' അപ്രതീക്ഷിത ഇടപെടല്‍ നടത്തി. ഇന്ന് സംഭവിക്കുന്നതാണോ ഇന്നലെ സംഭവിച്ചതാണോ വ്യക്തിയെ നിര്‍വചിക്കുന്നതെന്ന താത്വിക പ്രശ്‌നമാണ് ആസ്തു മുന്നോട്ടുവെയ്ക്കുന്നത്. അമ്പതുവയസ്സുവരെ ജീവിതത്തെ അലസമായി നേരിട്ടയാള്‍ക്ക് പെട്ടെന്നൊരു ദിനം ആശ്രയം നഷ്ടപ്പെടുന്നു. അമ്പതാം വയസ്സില്‍ ജീവിതം തുടങ്ങുന്ന പര്‍വിസ് എന്ന ഇറാന്‍കാരന്റെ വ്യഥകള്‍ ലളിതമായി അവതരിപ്പിച്ച 'പര്‍വിസ്' എന്ന ചിത്രവും മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു. കസാഖ് ചിത്രമായ 'കണ്‍സ്ട്രക്ടേഴ്‌സ്' വിരസമായിരുന്നു. വാടകവീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്ന മൂന്നു സഹോദരങ്ങളുടെ തത്രപ്പാടുകളാണ് പ്രമേയം. ദൃശ്യങ്ങളിലെ അവ്യക്തതയും നിലവാരമില്ലാത്ത നിര്‍മാണവും ചിത്രത്തിന്റെ ശോഭകെടുത്തി. ചൊവ്വാഴ്ചയോടെ എല്ലാ മത്സരച്ചിത്രങ്ങളുടെയും ആദ്യ റൗണ്ട് പ്രദര്‍ശനം പൂര്‍ത്തിയായി.

ബുധനാഴ്ച ചില ആകര്‍ഷണങ്ങള്‍ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍കേസിന്റെ കൃതിയെ അടിസ്ഥാനമാക്കി ജൂറി അംഗം കൂടിയായ ആര്‍തുറോ റിപ്‌സ്റ്റൈന്‍ സംവിധാനം ചെയ്ത 'നോ വണ്‍ റൈറ്റ്‌സ് ടു കേണല്‍' 11.30 ന് ശ്രീവിശാഖില്‍ പ്രദര്‍ശിപ്പിക്കും. മെക്‌സിക്കന്‍ കടലോര നഗരത്തില്‍ ക്ലേശപൂര്‍ണമായ ജീവിതം നയിക്കുന്ന വിമുക്ത ഭടന്റെയും രോഗിണിയായ ഭാര്യയുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. പോളിഷ് വീരനായകന്‍ വെവവ്വേസയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി 'മാന്‍ ഓഫ് ഹോപ്, ഭരതനാട്യത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിട്ടുള്ള 'വാര എ ബ്ലെസിങ്', ആദ്യ രണ്ട് പ്രദര്‍ശനങ്ങളില്‍ മികച്ച അഭിപ്രായം നേടിയ 'റോക്കറ്റ്', പാകിസ്താന്‍ ചിത്രമായ 'സിന്ദബാഗ്',ഇറ്റാലിയന്‍ ചിത്രം 'ഗ്രേറ്റ് ബ്യൂട്ടി' എന്നിവ ബുധനാഴ്ച കാണാവുന്ന മികച്ച ചിത്രളാണെന്ന് വിദഗ്ധര്‍ പറയുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.