Sunday, December 8, 2013

പച്ചക്കറിക്കൃഷിയുമായി കുഞ്ഞുങ്ങള്‍; അണങ്കൂരിന് അഭിമാനം


കാസര്‍കോട്: സ്‌കൂള്‍പറമ്പിനെ പച്ചക്കറിത്തോട്ടമാക്കിയ കഥ പറയുന്നു അണങ്കൂര്‍ എല്‍.പി. സ്‌കൂള്‍. ഇവിടെ എത്തുന്നവരെ വരവേല്ക്കുന്നത് വിളഞ്ഞുനില്ക്കുന്ന പച്ചക്കറിത്തോട്ടമാണ്. സ്‌കൂളിലെ 60 വിദ്യാര്‍ഥികളും അധ്യാപകരും ഒരേ മനസ്സോടെ സ്‌കൂള്‍വളപ്പില്‍ വിത്തിട്ടപ്പോള്‍ കുരുത്തത് വഴുതന, കോവയ്ക്ക, മരച്ചീനി, വയല, ചീര, വാഴ, മുളക്,തക്കാളി തുടങ്ങിയ നിരവധി പച്ചക്കറിയിനങ്ങള്‍.

ജൂലായ് അവസാനവാരമാണ് സ്‌കൂള്‍പറമ്പില്‍ കുട്ടികള്‍ പച്ചക്കറിക്കൃഷിയാരംഭിച്ചത്. സഹായത്തിനായി അധ്യാപകരും രക്ഷാകര്‍തൃസമിതിയംഗങ്ങളും കാസര്‍കോട് മുനിസിപ്പല്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്നു. പച്ചക്കറിത്തോട്ടം ഒരുക്കുന്നതിന് 7000 രൂപയാണ് ചെലവായത്. ഇതില്‍ 4000 രൂപ കൃഷിവകുപ്പുനല്കി. 3000 രൂപ അധ്യാപകരും രക്ഷാകര്‍തൃസമിതിയംഗങ്ങളും ചേര്‍ന്നു കണ്ടെത്തി. വെണ്ടയാണ് മുഖ്യമായും കൃഷിചെയ്തത്. പൂര്‍ണമായും ജൈവവളങ്ങളെ ആശ്രയിച്ചായിരുന്നു കൃഷി. ഇതുവരെ 60 കിലോ വെണ്ട വിളവെടുത്തു. ആദ്യ വിളവെടുപ്പ് പൂര്‍ത്തിയായാലുടന്‍ പറമ്പില്‍ വെള്ളരി നട്ടുപിടിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. കൊച്ചുകുട്ടികളുടെ കാര്‍ഷിക താത്പര്യത്തിനുള്ള അംഗീകാരമായി കാസര്‍കോട് മുനിസിപ്പല്‍ കൃഷി ഓഫീസ് മികച്ച രീതിയില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്ന സ്‌കൂളിനുള്ള അവാര്‍ഡ് ഇവര്‍ക്ക് നല്കി.

ലഭിക്കുന്ന പച്ചക്കറി സ്‌കൂളിലെ ഉച്ചക്കഞ്ഞിക്ക് കറിയൊരുക്കുന്നതിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്. അധികംവരുന്ന പച്ചക്കറി വില്പനനടത്തിക്കിട്ടുന്ന പണം സ്‌കൂളിന്റെ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു. കഴിഞ്ഞ വര്‍ഷവും ഗവ. ജി.എല്‍.പി. സ്‌കൂള്‍ മികച്ചരീതിയില്‍ കൃഷിചെയ്ത് ശ്രദ്ധ നേടിയിരുന്നു. ഹെഡ്മാസ്റ്റര്‍ കെ.ഭവാനി ശങ്കറും അധ്യാപകരും കുട്ടികളോടൊപ്പംനിന്ന് അവര്‍ക്ക് കൃഷി പാഠങ്ങള്‍ പറഞ്ഞുകൊടുക്കുന്നു.

ഇനി സ്ഥിരം ജലസേചനസംവിധാനം ഒരുക്കിക്കൊണ്ട് കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍.

No comments:

Post a Comment

Note: Only a member of this blog may post a comment.