Thursday, December 5, 2013

ടി.പി. വധക്കാലത്തെ പ്രതികളുടെ ഫോണ്‍നമ്പര്‍ ജയിലില്‍നിന്ന് വീണ്ടും ഉപയോഗിച്ചു. നാല് നമ്പറുകളില്‍നിന്ന് വിളിച്ചതായി കണ്ടെത്തി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി



കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്ന കാലത്ത് പ്രതികളില്‍ ചിലര്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ നമ്പറുകള്‍, അവര്‍ റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് ജില്ലാ ജയിലില്‍നിന്ന് ഈയടുത്തകാലത്ത് വീണ്ടും ഉപയോഗിച്ചതായി കണ്ടെത്തി. സംഭവത്തിനുശേഷം നശിപ്പിച്ചെന്ന് പ്രതികള്‍ മൊഴിനല്‍കിയ സിംകാര്‍ഡ് നമ്പറുകളാണ് ഇവയില്‍ ചിലത്. ജയിലില്‍നിന്ന് ഈ നമ്പറുകള്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

നാല് നമ്പറുകളില്‍നിന്നാണ് ജയില്‍ പരിസരത്തുനിന്ന് കോളുകള്‍ പോയിട്ടുള്ളത്. ടി.പി.വധക്കാലത്ത് രണ്ടാംപ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, നാലാംപ്രതി കെ.കെ. മുഹമ്മദ് ഷാഫി എന്നിവര്‍ ഉപയോഗിച്ചിരുന്ന നമ്പറുകളാണിവ. പ്രതികള്‍ ജയിലില്‍ സ്മാര്‍ട്ട്‌ഫോണും ഫെയ്‌സ്ബുക്കുമൊക്കെ ഉപയോഗിക്കുന്നതായി തെളിഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

കണ്ണൂര്‍, നീലേശ്വരം, മാഹി, വടകര ഭാഗങ്ങളിലേക്കാണ് നാല് നമ്പറുകളില്‍നിന്ന് വിളികള്‍ പോയിട്ടുള്ളത്. കേസിന്റെ വിചാരണവേളയില്‍ അമ്പത്തിരണ്ടോളം സാക്ഷികള്‍ കൂറുമാറിയതും ഈ ഫോണ്‍വിളികളുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. കിര്‍മാണി മനോജ് ഉപയോഗിച്ചിരുന്ന സിംകാര്‍ഡ് തന്നെയാണ് ജയിലില്‍ ഉപയോഗിച്ചതായി കാണുന്നതെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. വിവരം കോടതിയെ അറിയിക്കും. ആ സിംകാര്‍ഡ് ജയിലില്‍ കൊണ്ടുകൊടുത്തതാരാണെന്ന് ഗൗരവപൂര്‍വം അന്വേഷിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

കിര്‍മാണി മനോജ് ഉപയോഗിച്ച 9847562679 എന്ന നമ്പര്‍ ടി.പി. വധക്കേസില്‍ കോടതിയില്‍ നല്‍കിയ തെളിവുകളില്‍ ഉള്‍പ്പെടുന്നതാണ്. ഈയടുത്ത ദിവസങ്ങളില്‍വരെ ജയില്‍ പരിസരത്തുനിന്ന് ഈ നമ്പറില്‍നിന്ന് വിളിച്ചതായി പോലീസ് സെബര്‍സെല്‍ കണ്ടെത്തി. മാഹി പന്തക്കല്‍ സ്വദേശി അജേഷിന്റെ പേരിലുള്ളതാണ് ഈ നമ്പര്‍. അന്വഷണസമയത്ത് ഈ സിംനമ്പര്‍ കണ്ടെടുക്കാനായിരുന്നില്ല. ഉപയോഗിച്ചിരുന്നുവെന്നും ടി.പി.യെ വധിച്ചശേഷം അവ നശിപ്പിക്കുകയായിരുന്നുവെന്നുമാണ് കിര്‍മാണി മനോജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി.

കൊടി സുനി എന്ന എന്‍.കെ. സുനില്‍കുമാര്‍ ഉപയോഗിച്ചിരുന്ന 9946691814 എന്ന നമ്പര്‍ വടകര ആയഞ്ചേരി സ്വദേശി അഹമ്മദിന്റെ പേരിലുള്ളതാണ്. ഇതില്‍നിന്ന് ഒട്ടേറെ കോളുകള്‍ ജയില്‍ പരിസരത്തുനിന്ന് പോയതായി കണ്ടെത്തി. മുഹമ്മദ് ഷാഫി ഉപയോഗിച്ച 9562945872 എന്ന നമ്പരില്‍നിന്നും ഒട്ടേറെ കോളുകള്‍ പോയിട്ടുണ്ട്. ന്യൂമാഹി സ്വദേശി പി.പി. ഫൈസലിന്റെ പേരിലുള്ളതായിരുന്നു ഈ നമ്പറെങ്കിലും മലപ്പുറം സ്വദേശിയുടെ കൈവശമാണിപ്പോള്‍. അതേപോലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന 9947438653 എന്ന നമ്പരും ജയില്‍പരിസരത്തുനിന്ന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.