Thursday, December 5, 2013

പൊന്നോമനയ്ക്ക് അന്ത്യചുംബനം നല്‍കാനാവാതെ...


മുംബൈ: കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായ മലയാളി കപ്പല്‍ ക്യാപ്റ്റന്‍ മകന്റെ വേര്‍പാടിലും നാട്ടിലെത്താനാവാതെ ആഫ്രിക്കന്‍ ജയിലില്‍. കുടുംബം അദ്ദേഹത്തിന്റെ മോചനത്തിനായി നീതിയുടെ വാതിലുകളെ മുട്ടുന്നതിനിടയിലാണ് മകന്റെ വേര്‍പാട്. വയറിലെ അസുഖം മൂലമാണ് 11 മാസം മാത്രമുള്ള മകന്‍ വിവാന്‍ തിങ്കളാഴ്ച അന്ധേരി ഹോളി സ്​പിരിറ്റി ആസ്​പത്രിയില്‍ മരിച്ചത്. അന്ത്യദര്‍ശനത്തിനെങ്കിലും അച്ഛന്‍ എത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം ബന്ധുക്കള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ആലപ്പുഴ ചമ്പക്കുളം പുല്ലാന്തറ പരേതനായ ജെയിംസ് തോമസിന്റെ മകന്‍ സുനില്‍ ജെയിംസിന്റെ കുടുംബമാണ് നീതി തേടുന്നത്. രോഗിയായ സുനിലിന്റെ അമ്മ 75- കാരി അന്നാമ്മ മകന്റെ വിവരമറിഞ്ഞ് അവശനിലയിലാണ്. ഭാര്യ അദിതി മലാഡിലെ ഫ്‌ളാറ്റിലാണ് താമസം.
ഭര്‍ത്താവിന്റെ മോചനത്തിനായി അദിതി കഴിഞ്ഞ ഏതാനും മാസങ്ങളായി നിരന്തര പ്രയത്‌നത്തിലാണ്. പശ്ചിമ ആഫ്രിക്കയിലെ ടോഗോ എന്ന രാജ്യത്താണ് 38- കാരനായ സുനില്‍ ജയിലില്‍ കഴിയുന്നത്. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് സുനില്‍ ക്യാപ്റ്റനായ 'എം.വി. ഓഷ്യന്‍ സെഞ്ചൂറിയന്‍' എന്ന ചരക്കുകപ്പല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണത്തിനിരയായത്.
അവര്‍ സുനിലിനെയും സംഘത്തെയും ബന്ദികളാക്കി സാധനങ്ങള്‍ കൊള്ളയടിച്ചു. രണ്ടുദിവസത്തിനുശേഷം കപ്പല്‍ ടോഗോയിലെ ലോമില്‍ അടുപ്പിച്ചു. കപ്പല്‍ ഉടമകളുടെ നിര്‍ദേശപ്രകാരം അനുമതിയോടെയാണ് കപ്പല്‍ അടുപ്പിച്ചത്. എന്നിട്ടും സുനില്‍ ഉള്‍പ്പെടെ 38 ജീവനക്കാരെയും തടവിലാക്കുകയാണുണ്ടായത്.
ജൂലായ് 17-ന് ഇത് സംബന്ധിച്ച് സുനിലിന്റെ ഫോണ്‍ അദിതിക്ക് കിട്ടി. കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആസ്​പത്രിയിലാണെന്നായിരുന്നു ഫോണ്‍ സന്ദേശം. കപ്പല്‍ തുറമുഖത്ത് അടുപ്പിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും അറിയിച്ചു. എന്നാല്‍ നാവികസേന തങ്ങളെയെല്ലാം കസ്റ്റഡിയിലാക്കിയിരിക്കുകയാണെന്ന് ജൂലായ് 31-ന് അദിതിക്ക് സുനിലില്‍നിന്ന് വിവരം ലഭിച്ചു.
പിന്നീട് എല്ലാവരെയും കോടതിയില്‍ ഹാജരാക്കി. പിടികൂടിയ കടല്‍ക്കൊള്ളക്കാരില്‍ ചിലര്‍ ഇന്ത്യന്‍ വംശജരാണെന്നും അവരുമായി കപ്പല്‍ജീവനക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടോയെന്നറിയാനാണ് അന്വേഷണം നടക്കുന്നതെന്നും അദിതിക്ക് അറിയാനായി.
ടോംഗോയിലുള്ള ഇന്ത്യന്‍ എംബസി അധികൃതരില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നും അദിതി പരാതിപ്പെടുന്നു. സുനിലിന്റെ പേരിലുള്ള കുറ്റം എന്താണെങ്കിലും അറിയേണ്ടതുണ്ടെന്ന് അവര്‍ പറയുന്നു. വല്ലപ്പോഴും തടവുകാരുടെ ആരുടെയെങ്കിലും മൊബൈലില്‍നിന്ന് മിസഡ്‌കോള്‍ നല്‍കി തിരികെ വിളിപ്പിച്ച് അല്പസമയം സംസാരിക്കാം എന്നതല്ലാതെ വിശദമായ വിവരങ്ങള്‍ ഒന്നും അറിയില്ലെന്നും അദിതി പറയുന്നു. 20 പേരെ പാര്‍പ്പിക്കാവുന്ന തടവില്‍ 80 പേരുമായി വൃത്തിയില്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നതെന്നും അറിയാനായിട്ടുണ്ട്. കമ്പനി അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി തടവിലാക്കിയിരിക്കുകയാണെന്ന വിവരമാണ് ലഭിച്ചിരിക്കുന്നതെന്നും അദിതി പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.