Sunday, December 8, 2013

കൈ പൊള്ളിച്ച് താമര


ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള സെമിഫൈനല്‍ എന്ന വിശേഷണവുമായി നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വന്‍ തകര്‍ച്ച. മൂന്നിടത്ത് ബി.ജെ.പി. ഉജ്ജ്വലവിജയം സ്വന്തമാക്കി. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തൂക്കുസഭയായ ഡല്‍ഹിയില്‍ വലിയ ഒറ്റക്കക്ഷിയുമായി.
മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 'ഹാട്രിക്' ജയം നേടിയ ബി.ജെ.പി, മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സില്‍ നിന്ന് രാജസ്ഥാന്‍ പിടിച്ചെടുത്തു. ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ 'ആം ആദ്മി പാര്‍ട്ടി' തകര്‍പ്പന്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തൊതുങ്ങി. തിരഞ്ഞെടുപ്പ് നടന്ന അഞ്ചാമത്തെ സംസ്ഥാനമായ മിസോറമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ മുന്നേറ്റം കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. നരേന്ദ്രമോദിയെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം ബി.ജെ.പി.ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ മുന്നിലെത്തിക്കാന്‍ 'മോദിപ്രഭാവം' മാത്രം മതിയാവില്ലെന്ന വസ്തുതയിലേക്കും തിരഞ്ഞെടുപ്പ് ഫലം വിരല്‍ ചൂണ്ടുന്നു.

നാലിടത്തും പ്രാദേശിക വിഷയങ്ങളും വ്യക്തികളുമെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. 'ആം ആദ്മി പാര്‍ട്ടി'യുടെ കടന്നുവരവ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ പതനത്തിന് വഴിവെച്ചു. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്നും നാലും സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ഛത്തീസ്ഗഢില്‍ മാവോവാദി വിഷയങ്ങളെ മറികടന്നാണ് ബി.ജെ.പി. ജയിച്ചത്. മധ്യപ്രദേശില്‍ ശിവ്‌രാജ് സിങ് ചൗഹാന്റെയും രാജസ്ഥാനില്‍ വസുന്ധരരാജെയുടെയും വ്യക്തിപ്രഭാവം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഡോ. ഹര്‍ഷവര്‍ധനെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് വൈകിപ്പോയോ എന്ന ചര്‍ച്ച ബി.ജെ.പി.ക്കുള്ളില്‍ തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ, നരേന്ദ്രമോദിയുടെ ആഞ്ഞടിക്കുന്ന പ്രചാരണവും ബി.ജെ.പി.യുടെ അവസാന കുതിപ്പിന് വഴിയൊരുക്കിയെന്ന് കാണാം.
അരവിന്ദ് കെജ്‌രിവാളിന്റെ 'ആം ആദ്മി പാര്‍ട്ടി'യുടെ മുന്നില്‍ കോണ്‍ഗ്രസ്സും മുഖ്യമന്ത്രി ഷീലാ ദീക്ഷിതും രാജ്യതലസ്ഥാനത്ത് നിഷ്‌നപ്രഭമായി. എന്നാല്‍, ബി.ജെ.പി.ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടുമില്ല. 'ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഡല്‍ഹി സംസ്ഥാനം ആര് ഭരിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം കുറച്ചു ദിവസത്തേക്ക് നിലനില്‍ക്കും.

വന്‍വിജയത്തിന് സഹായിച്ച ജനങ്ങളെ ബി.ജെ.പി. ദേശീയാധ്യക്ഷന്‍ രാജ്‌നാഥ് സിങ് അനുമോദിച്ചു. തോല്‍വിയെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പാര്‍ട്ടിയെ മാറ്റിമറിക്കേണ്ടതുണ്ടെന്ന് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വ്യക്തമാക്കി.

രാജസ്ഥാനാണ് കോണ്‍ഗ്രസ്സിനെ തീര്‍ത്തും കൈവിട്ടത്. തുച്ഛമായ 27 സീറ്റുകളിലേക്ക് ഭരണകക്ഷിയെ ഒതുക്കിയ വസുന്ധരരാജെ സിന്ധ്യ മിന്നുന്ന വിജയമാണ് ബി.ജെ.പി.ക്ക് നല്‍കിയത്. 160 സീറ്റുമായിട്ടാണ് ബി.ജെ.പി. വീണ്ടും അവിടെ ഭരണം പിടിച്ചെടുത്തത്. മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ ഭരണമികവും പ്രതിച്ഛായയും മൂന്നാമത്തെ വിജയത്തിന് പിന്നിലുണ്ട്. കേന്ദ്രമന്ത്രിയും ഗ്വാളിയോര്‍ രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയെ ഇറക്കിയുള്ള രാഹുല്‍ഗാന്ധിയുടെ പരീക്ഷണം മധ്യപ്രദേശില്‍ പരാജയപ്പെട്ടു. ബി.ജെ.പി. 159 സീറ്റ് നേടിയപ്പോള്‍, കോണ്‍ഗ്രസ് 61 സീറ്റ് നേടി. ബി.എസ്.പി.ക്ക് ആറ് സീറ്റു ലഭിച്ചു.

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ കോണ്‍ഗ്രസ്സിന്റെ നേതൃനിര തന്നെ കൊല്ലപ്പെട്ടതിന്റെ സഹതാപ തരംഗത്തെ പോലും അതിജീവിച്ചാണ് ഡോ. രമണ്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ബി.ജെ.പി. ഹാട്രിക് വിജയം നേടിയത്. 48 സീറ്റുകളാണ് ബി.ജെ.പി.ക്ക് ലഭിച്ചത്. കോണ്‍ഗ്രസ് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ വിജയം മണത്തുവെങ്കിലും 40 സീറ്റില്‍ ഒടുവില്‍ ഒതുങ്ങി. ബി.എസ്.പി.ക്ക് രണ്ട് സീറ്റ് ലഭിച്ചു. ഉപതിരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടില്‍ യേര്‍ക്കാട്ട് നിയമസഭാ മണ്ഡലം എ.ഐ.എ.ഡി. എം. കെ.യും ഗുജറാത്തിലെ സൂറത്ത് ബി.ജെ.പി.യും നിലനിര്‍ത്തി.

No comments:

Post a Comment

Note: Only a member of this blog may post a comment.