Tuesday, December 10, 2013

ജയിലില്‍നിന്ന് എട്ട് മൊബൈല്‍ ഫോണ്‍


കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഉപയോഗിച്ച എട്ട് മൊബൈല്‍ ഫോണുകള്‍ ചൊവ്വാഴ്ച കണ്ടെത്തി.
ഇവയില്‍ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ ഏഴെണ്ണം ഇവരെ പാര്‍പ്പിച്ചിരുന്ന ജില്ലാ ജയിലിലെ സെല്ലിന്റെ കക്കൂസ് മാന്‍ഹോളില്‍ നിന്നാണ് ലഭിച്ചത്. ജയിലിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് ഒരു ഫോണ്‍ ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. ഇതുവരെ ജയിലില്‍നിന്ന് ഒന്‍പത് ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ഇതോടെ ജയിലിനുള്ളില്‍ പ്രതികള്‍ മൊബൈല്‍ ഫോണും ഫെയ്‌സ് ബുക്ക് സൗകര്യവും ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണത്തിന് വഴിത്തിരിവായി. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് മുമ്പ് പരിശോധിച്ച സ്ഥലങ്ങളില്‍ വീണ്ടും സൂക്ഷ്മ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. ചൊവ്വാഴ്ച മൊബൈല്‍ ലഭിച്ച മാന്‍ഹോള്‍ ഉള്‍പ്പെടുന്ന ഭാഗം യന്ത്രങ്ങള്‍ ഉപയോഗിച്ച് നേരത്തേ തിരച്ചില്‍ നടത്തിയിരുന്നു.
ഫോണുകള്‍ക്ക് പുറമേ, ഏഴ് ഫോണ്‍ ബാറ്ററികള്‍, എട്ട് ജിഗാ ബൈറ്റ് ശേഷിയുള്ള ഒരു മെമ്മറികാര്‍ഡ്, രണ്ട് ജിഗാ ബൈറ്റ് മെമ്മറിശേഷിയുള്ള രണ്ട് മെമ്മറി കാര്‍ഡ്, വൊഡാഫോണിന്റെ ഒരു സിംകാര്‍ഡ്, ഐഡിയ സെല്ലുലാറിന്റെ ഒരു മൈക്രോ സിംകാര്‍ഡ്, സാംസങ്ങിന്റെ ഒരു ഹെഡ്‌ഫോണ്‍ എന്നിവയും മാന്‍ഹോളില്‍നിന്ന് കസബ സി.ഐ. ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിട്ടുണ്ട്.
നോക്കിയ എക്‌സ്-2, നോക്കിയ സി2-03 സ്ലൈഡിങ് എന്നീ ഫോണുകള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിങ്ങിന് ഉള്‍പ്പെടെ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കക്കൂസ് ടാങ്കില്‍നിന്ന് കണ്ടെടുത്ത ഏഴ് ഫോണുകളില്‍ ഈ രണ്ടെണ്ണം മാത്രമാണ് ഇന്റര്‍നെറ്റ് സൗകര്യമുള്ളത്. സെമി സ്മാര്‍ട്ട് ഫോണ്‍ കാറ്റഗറിയിലാണ് ഇവയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഓരോ സെല്ലിലുമുള്ള കക്കൂസില്‍നിന്ന് പുറത്തേക്കുള്ള പൈപ്പ് നേരേയെത്തുന്നത് മാന്‍ഹോളിലേക്കാണ്. ഈ മാന്‍ഹോള്‍ നിറയുമ്പോള്‍ മാത്രമാണ് അവയിലെ മാലിന്യം സെപ്റ്റിക്ക് ടാങ്കിലേക്ക് ഒഴുകുന്നത്. ഇപ്പോള്‍ കണ്ടെടുത്ത ഫോണ്‍ ഉള്‍പ്പെടെയുള്ളവ കക്കൂസില്‍ ഉപേക്ഷിച്ച് ഫ്‌ളഷ് ചെയ്തവയാണ്. ഭാരമുള്ള വസ്തുക്കളായതുകൊണ്ട് അവ ടാങ്കിലേക്ക് ഒഴുകാതെ മാന്‍ഹോളില്‍ തങ്ങിനിന്നു. സെല്‍ വാര്‍ഡിലെ ആറ് മാന്‍ ഹോളുകളാണ് പോലീസ് പരിശോധിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ നിന്നാണ് ഫോണുകളും അനുബന്ധ വസ്തുക്കളും കണ്ടെത്തിയത്.
കണ്ടെടുത്ത മ്രൈക്രോ മെമ്മറികാര്‍ഡിലെ ഉള്ളടക്കം കണ്ടെത്തുന്നതിന് ഇവ അടുത്തദിവസം കോടതി മുഖേന ഫോറന്‍സിക് ലബോറട്ടിയിലേക്ക് അയയ്ക്കും. ചൊവ്വാഴ്ച കണ്ടെടുത്ത എട്ടുഫോണുകളും മൂന്നുദിവസം മുമ്പ് കക്കൂസിന്റെ പൈപ്പില്‍നിന്ന് കണ്ടെടുത്ത ഫോണും ബുധനാഴ്ച ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (മൂന്ന്) കോടതി മുമ്പാകെ ഹാജരാക്കും.
രാവിലെ ജയില്‍ വാര്‍ഡര്‍മാര്‍ നടത്തിയ തിരച്ചിലിനിടെയാണ് എം.ടി.എസ്. സ്‌ട്രൈക്കര്‍ സി-131 മോഡല്‍ ഫോണ്‍ മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് . എല്ലാ പ്രതികളും ഉപയോഗിക്കുന്ന ടോയ്‌ലറ്റിന് സമീപമാണ് ഫോണ്‍ കുഴിച്ചിട്ടിരുന്നത്. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത സാധാരണ മോഡല്‍ ഫോണും സിംകാര്‍ഡുമായിരുന്നു അത്.
അതേസമയം, ചൊവ്വാഴ്ച മാന്‍ഹോളില്‍നിന്ന് ലഭിച്ച മൈക്രോ സിംകാര്‍ഡ് ഉപയോഗിക്കാവുന്ന ഫോണുകള്‍ ഒന്നും ഇതുവരെ കണ്ടെത്താനാവാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.
ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട് ഫോണുകളില്‍മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന സിം കാര്‍ഡാണിത്. സാധാരണ സിംകാര്‍ഡ് മുറിച്ച് ചെറുതാക്കിയാണ് ജയിലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഐഡിയയുടെ ഈ സിമ്മിന്റെ നമ്പര്‍ കണ്ടെത്തി അത് ഉപയോഗിച്ച ഫോണും അതില്‍നിന്ന് ഉണ്ടായ സന്ദേശങ്ങളും ഫോണ്‍കോളുകളും സംബന്ധിച്ച വിവരം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഫെയ്‌സ് ബുക്ക് കമ്പനിയുടെ റിപ്പോര്‍ട്ട് ലഭിച്ച് രണ്ടുദിവസത്തിനകം അന്വേഷണം അന്തിമഘട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ജി. സ്​പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. ജയിലില്‍നിന്ന് ഫോണ്‍ ലഭിച്ച വിവരമറിഞ്ഞ് കണ്ണൂര്‍ റേഞ്ച് ഐ.ജി. സുരേഷ്‌രാജ് പുരോഹിത് കോഴിക്കോട്ടെത്തി അന്വേഷണപുരോഗതി വിലയിരുത്തി.


ജയിലില്‍ നിന്ന് ഷാഫി ഫയാസിനെയും വിളിച്ചു


കോഴിക്കോട്: ടി.പി.കേസിലെ അഞ്ചാം പ്രതി മുഹമ്മദ് ഷാഫി നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസുമായും ജയിലില്‍ നിന്ന് ഫോണില്‍ ബന്ധപ്പെട്ടതായി രേഖ.
ഷാഫി ജയിലിനകത്ത് നിന്ന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ 9562945872 എന്ന നമ്പറില്‍ നിന്നാണ് ഫയാസിന്റെ ഫോണിലേക്ക് കോള്‍ പോയതായി കണ്ടെത്തിയത്.ഇന്ത്യയിലെത്തുമ്പോള്‍ ഫയാസ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ 9995777777 എന്ന ഫോണില്‍ നിന്ന് ഈ വര്‍ഷം ആഗസ്ത് നാലിനും ആറിനുമാണ് നാലും മൂന്നും മിനിറ്റ് ദൈര്‍ഘ്യമുള്ള കോളുകള്‍ വന്നിട്ടുള്ളത്.

ഇതില്‍ ആഗസ്ത് ആറിന് ഉച്ചതിരിഞ്ഞ് 2.49 മുതല്‍ 3.01 വരെയാണ് ഫയാസ് കോഴിക്കോട് ജില്ലാ ജയിലിലെത്തി ഷാഫിയും പി.മോഹനനും ഉള്‍പ്പെടെയുള്ള ടി.പി.കേസ് പ്രതികളെ കണ്ടത്. അറബി വേഷത്തിലാണ് ഫയാസ് അന്ന് ജയിലിലെത്തിയത്. ടി.പി.കേസ് പ്രതികള്‍ക്ക് എന്തെങ്കിലും നല്‍കുന്നതിന് മുന്‍കൂട്ടി ആശയവിനിമയം നടത്തിയാണ് ഫയാസ് എത്തിയതെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ് ഈ ഫോണ്‍ കോള്‍ രേഖ.

No comments:

Post a Comment

Note: Only a member of this blog may post a comment.