Friday, December 13, 2013

ഉപരോധത്തിനിടെ പ്രതിഷേധിച്ച വീട്ടമ്മക്ക് 5ലക്ഷം പാരിതോഷികം


തിരുവനന്തപുരം : ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ പേരില്‍ യാത്ര തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച വീട്ടമ്മ വീട്ടമ്മ സന്ധ്യക്ക് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. തനിക്ക് ചെയ്യാന്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്തതില്‍ സന്തോഷമുണ്ടെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. വഴിതടയല്‍ സമരങ്ങളും ഹര്‍ത്താലുകളും ഏത് പാര്‍ട്ടി നടത്തിയാലും തടയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടമ്മയുടെ ധീരതയ്ക്കാണ് പാരിതോഷികം നല്‍കുന്നത്. സന്ധ്യയെ ടെലിഫോണില്‍ വിളിച്ച് അനുമോദിച്ചെന്നും ഒരു പൊതുചടങ്ങ് സംഘടിപ്പിച്ച് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തില്‍ പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ നടന്ന ഉപരോധത്തിനിടെ വ്യാഴാഴ്ച രാവിലെയാണ് സിപിഎം ജില്ലാ സെക്രട്ടറി കടകം പള്ളി സുരേന്ദ്രന്‍, മുന്‍ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള എന്നിവര്‍ക്കുനേരെ സമീപത്തെ താമസക്കാരിയായ സന്ധ്യയെന്ന വീട്ടമ്മ ശകാരവര്‍ഷം നടത്തിയത്.

യു.ഡി.എഫിന്റെ പിന്തുണയോടെയാണോ ഉപരോധത്തിനെതിരായ സമരമെന്ന് സംശയിക്കണമെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചു. ക്ലിഫ് ഹൗസിന് മുന്നില്‍ വഴിയാത്രക്കാരിയുടെ പ്രതിഷേധം കാപട്യമാണ്. കോണ്‍ഗ്രസ് മനസ്സുള്ളവര്‍ക്കെ ഇത്തരത്തില്‍ പ്രതിഷേധിക്കാന്‍ കഴിയൂ. വീട്ടമ്മ ഉമ്മന്‍ ചാണ്ടി പക്ഷക്കാരിക്കാരിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ലിഫ് ഹൗസ് ഉപരോധത്തില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ക്കെല്ലാം ഒരു ലക്ഷം രൂപ വീതം കൊടുക്കണമെന്ന് വി സുരേന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു. പാരിതോഷികം പ്രഖ്യാപിച്ചതുകൊണ്ട് സമരം തീരില്ലെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.